തിരുവനന്തപുരം: അധ്യാപക – സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ പത്തിന് രാവിലെ ഒമ്പത് മുതൽ 11ന് രാത്രി ഒമ്പത് വരെ സെക്രട്ടേറിയറ്റിനു മുന്നിൽ 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹം നടത്തുന്നു. പണിമുടക്ക് സമരത്തിന് മുന്നോടിയായാണ് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ സത്യഗ്രഹ സമരം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, 12-ാം ശമ്പളപരിഷ്കരണം ആരംഭിക്കുക, ക്ഷാമബത്ത – ശമ്പള പരിഷ്കരണ കുടിശികകൾ പൂർണമായി അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പി ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക.
സത്യഗ്രഹ സമരത്തിന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സത്യഗ്രഹം വിജയിപ്പിക്കുന്നതിന് തലസ്ഥാന നഗരിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂർ രാപ്പകൽസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ ഐക്യ ദാർഢ്യ പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, സമര വിഷയങ്ങൾ ഉയർത്തിയുള്ള സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് സമര സഹായസമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണനും ജനറൽ കൺവീനർ കെ.പി. ഗോപകുമാറും അറിയിച്ചു.