Kerala Government News

ക്രിസ്മസ് ബംപർ ലോട്ടറിയുടെ അച്ചടി താത്ക്കാലികമായി നിർത്തിവെച്ചു

ക്രിസ്മസ് ബംപർ ലോട്ടറിയുടെ അച്ചടി താൽക്കാലികമായി നിർത്തിവെച്ച് സർക്കാർ. സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിലുള്ള ഏജന്റുമാരുടെ പ്രതിഷേധം കാരണമാണ് നിർത്തിവെച്ചത്.

5000, 2000, 1000 രൂപകളുടെ സമ്മാനങ്ങളുടെ ഘടനയിലാണ് മാറ്റം വരുത്തിയത്. ഫലത്തിൽ ഇത് കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവാണ്. ഇതാണ് ലോട്ടറി ഏജന്റുമാരെ പ്രതിസന്ധിയിലാക്കിയത്. ഈ സമ്മാനങ്ങൾ കൂടിയാൽ മാത്രമേ വിൽപ്പന കൂടുകയുള്ളൂവെന്നാണ് ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നത്.

സർക്കാർ വരുത്തിയ സമ്മാന ഘടനയിലെ മാറ്റം വിൽപ്പന കുറയ്ക്കുന്നതിന് കാരണമാകുമെന്നും ഇവർ പറയുന്നു. ഏജന്റുമാരുടെ ആശങ്കയിൽ കാര്യമുണ്ടെന്നും ഇങ്ങനെ വിൽപ്പന കുറഞ്ഞാൽ തൊഴിലാളികളുടെ ക്ഷേമനിധിയെ ഉൾപ്പെടെ ബാധിക്കുമെന്നും കാട്ടി ക്ഷേമനിധി ബോർഡ് ചെയർമാനും ലോട്ടറി ഡയറക്ടർക്ക് ഇന്ന് കത്ത് നൽകിയിരുന്നു.

ഇതോടെയാണ് ആരംഭിച്ച പ്രിന്റിംഗ് നിർത്തിവെക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഇതും ലോട്ടറി വിൽപ്പന ബാധിക്കുമെന്നാണ് കരുതുന്നത്. പൂജ ബംപർ നറുക്കെടുക്ക് കഴിഞ്ഞാലുടൻ വിൽപന ആരംഭിക്കേണ്ടിയിരുന്നതാണ് ക്രിസ്മസ് ബംപർ. ഇനി പുതിയ ലോട്ടറി അച്ചടിച്ച് വരുമ്പോഴേക്കും അതുവരെയുള്ള വിൽപ്പന ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.

2024-25ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് സർക്കാർ ഇന്നലെയാണ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. ടിക്കറ്റ് വില 400 രൂപയാണ് (312.50 രൂപ + 28% ജിഎസ്‌ടി). വകുപ്പ് 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുമെന്നാണ് അറിയുന്നത്, ടിക്കറ്റുകളുടെ മൊത്തം വില 281.25 കോടി രൂപയാണ്.

ഒന്നാം സമ്മാനം 20 കോടി രൂപയായിരിക്കും. രണ്ടാം സമ്മാനം 1 കോടി രൂപയായിരിക്കും, ഇത് 20 വിജയികൾക്ക് നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനങ്ങൾ ഉണ്ടാകും. പത്തുപേർക്ക് ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. നാലാമത്തെയും അഞ്ചാമത്തെയും സമ്മാനങ്ങൾക്ക് പത്ത് വിജയികൾ ഉണ്ടാകും. മൊത്തം സമ്മാനത്തുക 90.88 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *