പി.പി. ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിനെതിരെയുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിക്കുന്നത്. അതിന് പിന്നാലെയാണ് കുറ്റാരോപിതയായ സിപിഎം നേതാവിനെ കൈവിടാതെ പദവി നൽകിയിരിക്കുന്നത്.
നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി ഹൈക്കോടതി 12ന് പരിഗണിക്കാനിരിക്കുകയാണ്. ഹരജിയിൽ, മരണം സി.ബി.ഐ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേൽ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി.പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയ ദിവ്യ നവീനെ അപമാനിക്കാൻ ബോധപൂർവമായി ശ്രമം നടത്തി. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. ഇത് മരണത്തിലേക്ക് നയിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചു. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ചാണ് ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ഡാറ്റ റിക്കോർഡുകളും പരിശോധിച്ചു. നവീൻ ബാബുവിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ പരിശോധിച്ചു.
അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ഹർജിക്കാരിയായ നവീൻ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ഒരു ആത്മഹത്യയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടർമാരുടെ റിപ്പോർട്ടിൽ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറൻസിക് സംഘവും നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.