12 കോടി രൂപയുടെ പൂജാ ബംപർ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിന്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ജയകുമാർ ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
ദിനേശ് കുമാർ തന്നെയാണ് ഈ ഏജൻസിയിലെ ഒരു സബ് ഏജന്റ്. അദ്ദേഹം ഇവിടെ നിന്ന് വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനാണ് ഈ വൻ സമ്മാനം. നികുതി കഴിച്ച് 6.18 കോടി രൂപ ദിനേശിന് ലഭിക്കും. അതോടൊപ്പം ഏജൻസി കമ്മിഷനായി ഒരു കോടിയോളം രൂപയും അദ്ദേഹത്തിന് ലഭിക്കും.
രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ചു പേർക്ക് ലഭിച്ചു. മൂന്നാം സമ്മാനമായി ഓരോ പരമ്പരയിലും രണ്ടു പേർക്ക് 10 ലക്ഷം രൂപ വീതവും ലഭിച്ചു. ഈ വർഷം പൂജാ ബംപറിനായി 39 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
കൊല്ലത്തെ ജയകുമാർ ലോട്ടറിയോട് ചേർന്നുള്ള ക്വയിലോൺ ലോട്ടറി സെന്ററിന്റെ ഉടമയായ ഷാനവാസ് വിറ്റ ടിക്കറ്റിന് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം ലഭിച്ചു. ഇത് ഷാനവാസിന് ലഭിക്കുന്ന നാലാമത്തെ സമാശ്വാസ സമ്മാനമാണ്.