സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ 1458 ജീവനക്കാരുടെ പേരുവിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും അവർക്കെതിരെ ചട്ട പ്രകാരം ഉള്ള വകുപ്പുതല നടപടി സ്വീകരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരുടെ പേര് വിവരം വെളിപ്പെടുത്താതെ ജീവനക്കാരെ ഒന്നടങ്കം കരിവാരിത്തേക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാർ ജീവനക്കാരുടെ ഇടയിൽ സർക്കാരിനെതിരെ രൂപപ്പെടുന്ന അമർഷത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് ജീവനക്കാരെ ആകമാനം കൊള്ളക്കാരും മോശക്കാരുമായി ചിത്രീകരിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഈ തട്ടിപ്പിന് കൂട്ടുനിന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ജീവനക്കാരെ ആകമാനം പൊതുസമൂഹത്തിനു മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് .
ജീവനക്കാർക്ക് ലഭിക്കാനുള്ള അർഹമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധ സമരങ്ങളെ ഈ പ്രചരണം കൊണ്ട് തടയിടാമെന്നത് വ്യാമോഹം മാത്രമാണ് എന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി വി എം ഷൈനും പ്രസ്താവനയിൽ പറഞ്ഞു.