HealthNews

ഒരു പതിറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഡല്‍ഹി: ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഡല്‍ഹിയില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിന്ദാപൂരിലെ 72 വയസുകാരനെയാണ് രോഗം ബാധിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് നവംബര്‍ മൂന്നിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതോടെയാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൊതുകുകളില്‍ നിന്ന് തന്നെയാണ് ഈ രോഗം പകരുന്നത്. മരണനിരക്ക് വളരെ കൂടുതലുള്ള ഈ രോഗത്തിനെ അതിജീവിക്കുന്നവര്‍ക്ക് ന്യുറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലേയ്ക്ക് ഈ രോഗം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

2011ല്‍ ഡല്‍ഹിയില്‍ 14 പേര്‍ക്ക് ഈ വൈറസ് ബാധയുണ്ടായിരുന്നു. അഴുക്കുചാലിലും മറ്റുമുള്ള മലിനജലത്തിലൂടെ പെറ്റുപെരുകുന്ന ക്യൂലക്‌സ് കൊതുകിന്റെ കടിയിലൂടെയാണ് ഈ രോഗം പകരുന്നത്. ‘പനി, ഛര്‍ദ്ദി, ശരീരവേദന, തലവേദന എന്നിവയാണ് ഈ രോഗത്തിന്റ ലക്ഷണങ്ങള്‍. കഠിനമായ കേസുകളില്‍ ബോധക്ഷയം, അപസ്മാരം എന്നിവയ്ക്ക്‌ വരെ കാരണമാകും.

കുട്ടികളിലും പ്രായമായവരിലുമാണ് ഈ രോഗം പെട്ടെന്ന് ഉണ്ടാകുന്നത്. മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ലാര്‍വ സ്രോതസ്സ് കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ എല്ലാ ഡിഎച്ച്ഒമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കായി രണ്ട് ഡോസുകളിലായി വാക്‌സിനേഷന്‍ നല്‍കണമെന്നും ബെഡ് നെറ്റ്, കൊതുകുനശീകരണം മുതലായവ ഉപയോഗിച്ച് കൊതുക് കടി തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *