Kerala Government News

സർക്കാർ ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. വിരമിക്കുന്നതിന് ഒരു മാസം മുൻപ് അച്ചടക്ക നടപടികൾ പൂർത്തിയാക്കാനും കേരള സർവീസ് ചട്ടങ്ങളും സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനും തീരുമാനിച്ചു.

സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങളാണ് കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം കൈക്കൊണ്ടത്. പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും.

സ്ഥലംമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാ പരീക്ഷ നടത്തും. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം.

റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദാക്കാൻ പാടില്ല. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെന്റ് നിയമനം പാടില്ല. ഓരോ തസ്തികയിലെയും ഒഴിവുകൾ സ്പാർക് മുഖേന ലഭ്യമാക്കണം. സെക്രട്ടേറിയറ്റിലെ ലിങ്ക് ഓഫിസ് സംവിധാനം എല്ലാ ഓഫിസിലും ഏർപ്പെടുത്തും.

ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്സി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കും. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ അവസാനിക്കും.

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അനുയോജ്യമായ തസ്തികകളിലും യോഗ്യതകളിലും കൃത്യത വരുത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x