തൃശ്ശൂര്‍: കേരളത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം തൃശ്ശൂര്‍ നാട്ടികയില്‍ അരങ്ങേറിയത്. ഒന്നുമറിയാതെ സുഖമായി ഉറങ്ങിയവരാണ് ഞൊടിയിടയില്‍ ഇല്ലാതായത്. മദ്യലഹരിയില്‍ ക്ലീനര്‍ ഓടിച്ച ലോറിയാണ് ഇന്നലെ നാട്ടികയില്‍ അഞ്ച് പേരുടെ ജീവന്‍ കവര്‍ന്നത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളും മരണപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെടുന്നു. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
തൃശൂര്‍ ജില്ലാ പോലീസ് മേധാവി (റൂറല്‍) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിനാണ് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു.
മനഃപൂര്‍വ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. കാളിയപ്പന്‍ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന്‍ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.