കളമശേരി സ്‌ഫോടനം; വിദ്വേഷപരമായ കുറിപ്പുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി, പൊട്ടിത്തെറിച്ചത് ബോംബ് തന്നെയെന്ന് ഡിജിപി

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നയിടത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും മറ്റും വിദ്വേഷപരമായ കുറിപ്പുകൾ പങ്കുവയ്ക്കരുതെന്ന് പൊലീസ്. പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പരിശോധിക്കുകയാണ്. സംഭവസ്ഥലത്തുനിന്ന് ഐ ഇ ഡി അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്ഫോടനം ആണ് നടന്നതെന്നും ഡിജിപി സ്ഥിരീകരിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്‌ഫോടനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സ്‌ഫോടനത്തിൽ ഒരു സ്‌ത്രീ മരിച്ചിരുന്നു. 36 പേ‌ർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നുരാവിലെ ഒമ്പതരയോടെയാണ് കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments