കഴിഞ്ഞ സെപ്റ്റംബറിലാണ് നടി അദിതി റാവു ഹൈദരിയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. ഇപ്പോഴിതാ രാജകീയ പ്രൗഡിയില്‍ തങ്ങളുടെ രണ്ടാം വിവാഹം സ്വപ്നതുല്യമാക്കിയിരിക്കുകയാണ് താര ദമ്പതികള്‍. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ 400 വര്‍ഷം പഴക്കമുള്ള ശ്രീ രംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ വിവാഹമെങ്കില്‍ 230 വര്‍ഷങ്ങള്‍ പഴക്കമുള്ള രാജസ്ഥാനിലെ അലില ഫോര്‍ട്ട് ബിഷന്ഗഡിലിലാണ് ദമ്പതികള്‍ രണ്ടാം വിവാഹം നടത്തിയിരിക്കുന്നത്.
പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന ആരവല്ലി പര്‍വ്വത നിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിശയകരമായ പൈതൃക സ്ഥലവും ടൂറിസം സ്പോട്ടുമായ അലില ഫോര്‍ട്ട് പതിനെട്ടാം നൂറ്റാണ്ടില്‍ ജയ്പൂരിലെ ഷെഖാവത്ത് രാജവംശം നിര്‍മ്മിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. വളരെ രാജകീയമായ വസ്ത്രാലങ്കാരങ്ങളോടെയാണ് താര ദമ്പതികള്‍ വീണ്ടും വിവാഹിതരായിരിക്കുന്നത്. ബിഷന്ഗഢിന്റെ ഏറെ ഭംഗിയുള്ള കോട്ടയുടെ പരന്നുകിടക്കുന്ന മരത്തിന്റെ ചുവട്ടില്‍ തീര്‍ത്ത മനോഹര മണ്ഡപത്തിലാണ് ഇവര്‍ വിവാഹം കഴിച്ചത്.
ഇന്ത്യന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തത്. ചുവന്ന രാജകീയ ലെഹങ്കയില്‍ രത്നങ്ങളും മരതകവും ചേര്‍ത്തുള്ള ആഭരണങ്ങളിഞ്ഞ് രാജകുമാരിയായി തന്നെയാണ് അതിദി എത്തിയത്. ഓഫ് വൈറ്റ് കളറില്‍ വളരെ മനോഹരമായ ഷെര്‍വാണി ധരിച്ചാണ് സിദ്ധാര്‍ത്ഥ് തന്റെ രാജകുമാരിയെ വീണ്ടും വരണമാല്യം ചാര്‍ത്താനെത്തിയത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഈ വിവാഹം തങ്ങളുടെ സ്വപ്നമായിരുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് താരദമ്പതികള്‍ കുറിച്ചത്.