ഡല്‍ഹി: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും അതിശക്തമായ മഴ. ഒരു മാസം മുന്‍പ് പെയ്ത മഴയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതിന് ശേഷമാണ് വീണ്ടും തമിഴ്‌നാടിന് മഴ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ഫെംഗല്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായതോ ആയ മഴയ്‌ക്കോ കാറ്റിനോ സൗദി അറേബ്യ നിര്‍ദ്ദേശിച്ച പേരാണ് ഫെംഗല്‍. തമിഴ്‌നാട്ടിലെ നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന്് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ സുരക്ഷിതരായിരിക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അടുത്ത 2 ദിവസങ്ങളിലും ന്യൂനമര്‍ദ്ദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നത് തുടരുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ അവസാനം ഒഡീഷയെയും പശ്ചിമ ബംഗാളിനെയും ബാധിച്ച അതിരൂക്ഷമായ കൊടുങ്കാറ്റായ ദന ചുഴലിക്കാറ്റിന് ശേഷം മണ്‍സൂണിന് ശേഷമുള്ള ഇന്ത്യന്‍ തീരത്തെ ബാധിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. വന്‍ മുന്നൊരുക്കങ്ങള്‍ തന്നെ ചുഴലിക്കാറ്റിനെ നേരിടാന്‍ തമിഴ്‌നാട് ഒരുക്കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് തിരുച്ചിറപ്പള്ളി ജില്ല, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, തഞ്ചാവൂര്‍, വില്ലുപുരം, തിരുവാരൂര്‍ തുടങ്ങി തമിഴ്നാട്ടിലെ പല പ്രദേശങ്ങളില്‍ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും ചെങ്കല്‍പട്ടിലും സ്‌കൂളുകള്‍ മാത്രം അടച്ചിടും.മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 29 വരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്ക, തമിഴ്നാട് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഷെല്‍ട്ടറുകള്‍, ബോട്ടുകള്‍, ജെസിബികള്‍, മരം മുറിക്കുന്ന യന്ത്രങ്ങള്‍, ജെന്‍ സെറ്റുകള്‍ എന്നിവ ആവശ്യത്തിന് തയ്യാറായിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും തയ്യാറാണ്. ഓരോ ജില്ലയിലും എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന്്് വന്‍ കൃഷിനാശവും രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കാവേരി നദീജല ഡെല്‍റ്റ പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ മഴ പെയ്തത് നെല്‍കൃഷിയെ ബാധിച്ചു. തിരുവാരൂര്‍, തിരുതുറൈപൂണ്ടി, മുതുപ്പേട്ട, മയില്‍ടുതുറൈ, വേദാരണ്യം എന്നിവിടങ്ങളിലും പരിസരത്തും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മഴയില്‍ കൃഷി ഭാഗികമായും പൂര്‍ണമായും മുങ്ങി, കര്‍ഷകരുടെ ഏകദേശ കണക്കനുസരിച്ച്, കുറഞ്ഞത് 2,000 ഏക്കറിലധികം വിളകള്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ പലയിടങ്ങളില്‍ ഗതാഗത തടസവും നേരിടുന്നുണ്ട്.