ഗുജറാത്ത്: വൈദ്യുതി വകുപ്പിന്രെ അനാസ്ഥ മൂലം ബില്ലുകളില്‍ എട്ടിന്‍രെ പണികിട്ടിയവര്‍ ധാരാളമാണ്. ഒറ്റമുറി വീടിനും രണ്ട് ബള്‍ബുള്ള സ്ഥലത്ത് പോലും പതിനായിരവും ലക്ഷവുമൊക്കെ എത്താറുണ്ട്. അത്തരത്തില്‍ ഒരു ബില്ല് ഗുജറാത്തിലെ ഒരു തയ്യല്‍ക്കാരനും ലഭിച്ചിരുന്നു. ഗുജറാത്തിലെ വല്‍സാദിലെ ഒരു തയ്യല്‍ക്കാരനാണ് തന്റെ കടയുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയത്. അന്‍സാരിയെന്ന വ്യക്തി തന്റെ അമ്മാവനൊപ്പം തയ്യല്‍ക്കട നടത്തുകയായിരുന്നു.
പുരുഷന്മാരുടെ വസ്ത്രങ്ങളാണ് ഈ കടയില്‍ തുന്നിയിരുന്നത്. ഗുജറാത്തിലെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 32 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദക്ഷിണ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡാണ് ഈ കടയിലും വൈദ്യുതി വിതരണം ചെയ്യുന്നത്. പെട്ടെന്ന് ഒരു ദിവസം തന്റെ വൈദ്യുതി ബില്ല് 86 ലക്ഷമെന്ന് കാണിച്ച് ഗൂഗിള്‍ പേയില്‍ മേസേജ് വന്നു. ഞെട്ടലോടെ തയ്യല്ക്കാരന് വിവരം മറ്റുള്ളവരോട് പങ്കിട്ടു.
പിന്നീട് അധികൃതരെ അറിയിച്ചപ്പോള്‍ ഡിസ്കോമിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കടയിലേക്ക് വരികയും മീറ്റര്‍ പരിശോധിക്കുകയും ചെയ്തു. മീറ്റര്‍ റീഡിംഗില്‍ രണ്ട് അക്കങ്ങള്‍ അബദ്ധത്തില്‍ കൂട്ടിച്ചേര്‍ത്തതാണ് വന്‍ ബില്‍ തുകയിലേക്ക് നയിച്ചതെന്നാണ് അവര്‍ പിന്നീട് കണ്ടെത്തി. ഇതോടെ 86 ലക്ഷത്തിന്രെ ബില്‍ 1,540 രൂപയുടെ പുതുക്കിയ ബില്ലായി ഉടമയ്ക്ക് നല്കി.