പാലക്കാട് കണ്ടത് മതേതര മനസിന്റേയും ടീം വർക്കിന്റേയും വിജയം; മറ്റേതെങ്കിലും സംഘടനകൾക്ക് ക്രെഡിറ്റ് നൽകില്ലെന്ന് ഷാഫി പറമ്പിൽ എംപി

ഡല്‍ഹി: പാലക്കാട്ടെ യുഡിഎഫിന്റെ വിജയം മണ്ഡലത്തിലെ മതേതര മനസിന്റെ വിജയമാണെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം മുതല്‍ ബൂത്ത് പ്രസിഡന്റുമാര്‍ വരെ ടീമായി പ്രവര്‍ത്തിച്ചതിന്റെ ഇംപാക്റ്റും പാലക്കാട് കണ്ടു. മറ്റേതെങ്കിലും സംഘടനകൾക്ക് നൽകാൻ സാധിക്കുന്ന വിജയമായിരുന്നില്ല പാലക്കാട് എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‌ എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി വോട്ടുകള്‍ ലഭിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.പി.

എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഒരാള്‍ പോലും വോട്ടു ചെയ്യാനില്ലാത്ത പ്രദേശങ്ങളിലും യു.ഡി.എഫിന്റെ വോട്ട് ഉയര്‍ന്നിട്ടുണ്ട്. വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ബി.ജെ.പിക്ക് 500-600 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകളില്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും ഒരു സമുദായത്തിന്റെയും സാന്നിധ്യം കാണാന്‍ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു.

അതേ സമയം ബി.ജെ.പി. നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിനെ തിരഞ്ഞെടുപ്പിനും വിജയത്തിനും മാത്രം ഗുണകരമായ ഘടകമായല്ല കാണുന്നത്. വര്‍ഗീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഉപേക്ഷിച്ച് ഒരാള്‍ വരുന്നത് കേരളത്തിലെ പൊതുസമൂഹത്തിന് മുഴുവന്‍ ഗുണകരമായ ഒന്നായാണ് കണക്കാക്കുന്നത്.

സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള ആളുകളില്‍ ഒരാളായി മാത്രമേ സരിനിനെ കാണുന്നുള്ളൂ. അവരോടുള്ള മനോഭാവമായിരിക്കും സരിനോടും. വ്യക്തിപരമായ വിരോധവും പകയും കൊണ്ടുനടക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.

അതേ പോലെ പാലക്കാട് വിജയം വ്യക്തിപരമായ നേട്ടമായി കാണുന്നില്ല, അതിനു പിന്നില്‍ വലിയ ടീം വര്‍ക്കുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം മുതല്‍ ബൂത്ത് പ്രസിഡന്റുമാര്‍ വരെ ടീമായി പ്രവര്‍ത്തിച്ചതിന്റെ ഇംപാക്ട് ആണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments