
മലയാളികളല്ലെങ്കിലും മലയാള സിനിമാ പ്രേമികൾക്ക് പ്രിയ്യപ്പെട്ടവരാണ് നടൻ അല്ലു അർജുനും നടി സാമന്തയുമെല്ലാം. മലയാളികൾക്ക് ഇവർ മലയാളിയല്ല എന്ന് വിശ്വസിക്കാൻ പോലും സാധിക്കാത്ത തരത്തിൽ അഭിനയമികവ് പുലർത്തുന്ന രണ്ട് പേർ.
പുഷ്പ എന്ന സിനിമ കൂടെയായപ്പോൾ പിന്നെ ഇരുവരും അങ്ങ് കസരി. യുവതി യുവാക്കൾക്കിടയിൽ ഫയറായിരുന്നു അല്ലുഅർജുനും സാമന്തയും. ഇപ്പോഴിതാ സിനിമയുടെ സെക്കന്റ് പാർട്ടിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വെറുമൊരു വിശ്വൽ ട്രീറ്റ്മെന്റല്ല സിനിമാ പ്രേക്ഷകർക്ക് ഇരട്ടി മധുരവുമായാണ് ഇപ്പോൾ പുഷ്പ ക്യൂ എത്തുന്നത്. അതായത് റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിലെ ഐറ്റം സോംഗ് റിലീസ് ചെയ്തിരിക്കുകയാണ്. സാമന്തയുടെ എവർഗ്രീൻ പെർഫോമൻസ് ആണ് പുഷ്പ സിനിമയിലെ റോൾ എന്നത് നമുക്കൊക്കെ അറിയാം.
പക്ഷേ പുഷ്പ 2വിൽ സാമന്തയ്ക്ക് പകരം ഡാൻസിംഗ് ക്യൂൻ ശ്രീലീലയാണ് ഇത്തവണ എത്തിയിരിക്കുന്നത്. സാമന്തയോട് കട്ടക്ക് മത്സരം എന്ന രീതിയിലാണ് പാട്ടിലെ പെർഫോമൻസ് എന്ന അഭിപ്രായമാണിപ്പോൾ ഉയരുന്നത്.

പാട്ട് പുറത്തിറങ്ങിയതോടെ ഡാൻസിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും തമ്മിലുള്ള ഗംഭീര നൃത്തവിരുന്ന് സിനിമ സമ്മാനിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ‘കിസ്സിക്ക്’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ ചില രംഗങ്ങളും ഷൂട്ടിങ്ങുകളും ഉൾപ്പെടുത്തിയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.

ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകയാണ്. സുബ്ലാഷിണിയാണ് ആലാപനം. ഗാനത്തിന്റെ തെലുങ്ക് വെർഷൻ എഴുതിയത് ചന്ദ്രബോസ് ആണ്. റക്കീബ് ആലം ആണ് ഹിന്ദി വരികൾ എഴുതിയത്. അതേസമയം, കിസ്സിക്ക് പുറത്തുവന്നതിന് പിന്നാലെ ‘ഊ ആണ്ടവ’ തന്നെ ബെസ്റ്റ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ഈ ഗാനത്തിന്റെ ഏഴയലത്ത് കിസ്സിക്ക് എത്തില്ലെന്നും ഇവർ പറയുന്നു.

പുഷ്പ ആദ്യഭാഗത്തിൽ ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ഗാനമായിരുന്നു ‘ഊ ആണ്ടവ’. സാമന്ത തകർത്താടിയ ഗാനം സിനിമയുടെ വിജയത്തിൽ ഒരു ഘടകമായിരുന്നു. അതേസമയം, ഡിസംബർ 5നാണ് പുഷ്പ 2ന്റെ ആഗോള റിലീസ്. നേരത്തെ ഡിസംബർ 6 ആയിരുന്നു റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.