
ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കലെത്തി പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയതിന് ശേഷമാണ് മടങ്ങിയത്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
“രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണ്. ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്. ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണ്. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂ.
അതുപോലെ എത്താന്‍ മറ്റൊരാള്‍ക്ക് കഴിയാത്തത് കൊണ്ടാണല്ലോ കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ ഇങ്ങനെ അവശേഷിക്കുന്നത്” – രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
SDPI യെ ശക്തമായി എതിര്‍ത്തിട്ടുള്ളത് ലീഗാണ്. ലീഗിന്റെ മറവില്‍ SDPI പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. എതിരാളികള്‍ തോല്‍വി അംഗീകരിക്കണം. പാലക്കാട്ടെ ജനങ്ങളെ വര്‍ഗീയത പറഞ്ഞു പരിഹസിക്കരുത്. സരിന് അന്നും ഇന്നും മറുപടി പറയുന്നില്ല. 2025 ല്‍ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പ്രഥമ പരിഗണന മെഡിക്കല്‍ കോളേജിനെന്നും ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.