തിരുവനന്തപുരം: എംഎൽഎ മുകേഷടക്കം ഏഴുപേർക്കെതിരെ പീഡന പരാതി നൽകിയ നടി വിവാദ പരാമർശങ്ങളുമായി വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം നടി നടന്മാർക്കെതിരെ നൽകിയ പാരതികൾ പിൻ വലിക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ ഒരു വിശദീകരണം തേടി ഒരു യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്.
നടന്മാർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി ഇത്തവണ നടിയായ സ്വാസികക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ” എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുളളവർ എനിക്കെതിരെ നിന്നു. കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു.
സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം എന്ന് തുടങ്ങുന്ന പരാമർശങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്”.
അതേ സമയം മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു.
നടി അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ‘ 15 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഞാൻ കേസ് കൊടുത്തത്. അന്ന് എനിക്ക് പരാതിയുമായി രംഗത്തെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് കേരളം വിട്ട് പോകുകയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. സിനിമയിൽ പഴയ അവസ്ഥയാണെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെ കേസുമായി മുന്നോട്ട് വരികയായിരുന്നു.
മുന്നോട്ട് പോയപ്പോഴാണ് എനിക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. പിന്നീട് ആ കേസിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും അറിയാൻ സാധിച്ചില്ല. ഞാൻ കേസിന്റെ വിവരങ്ങളറിയാൻ മൂവാറ്റുപുഴ സ്റ്റേഷനിൽ വിളിച്ചു. അവിടെ നിന്ന് എനിക്ക് യാതൊരു പ്രതികരണങ്ങളും ലഭിച്ചില്ല. അങ്ങനെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അവിടെ നിന്നും പ്രതികരണങ്ങൾ ലഭിച്ചില്ല.
അതുകൊണ്ടാണ് എസ്പിക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒടുവിൽ പ്രധാനമന്ത്രിക്കും പരാതി നൽകിയത്. പോക്‌സോ കേസിന്റെ പേരിൽ എന്റെ കുടുംബത്തെയും മക്കളെയും സോഷ്യൽമീഡിയയിലൂടെ നന്നായി ആക്രമിച്ചു. എന്റെ പേരിൽ വന്ന കളളക്കേസ് തെളിയിക്കണം.
ഇനിയും പെൺകുട്ടികൾക്ക് ഇത്തരത്തിൽ അവസ്ഥയുണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ രംഗത്തെത്തിയത്. ഞാൻ തെറ്റ് ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിൽ പരാതിയുമായി വരില്ലായിരുന്നു.എനിക്കെതിരെ കളളക്കേസുമായി എത്തിയ പെൺകുട്ടിക്ക് തക്കതായ ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ കേസ് തെളിയിച്ചില്ലെങ്കിൽ എന്റെ തല വെട്ടാൻ റെഡിയാണ്.
എനിക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരിക്ക് ആരോ പണം കൊടുത്തിട്ടുണ്ട്. ഞാൻ ഒരു ഡ്രൈവറിനെ കൊന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നുണ്ട്. അതൊന്നും പൊലീസ് അന്വേഷിക്കാത്തത് എന്താണ്? പ്രമുഖ നടൻമാർക്കെതിരെ പരാതി ഉന്നയിച്ചതോടെ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പരാതി പിൻവലിച്ചതോടെ പല തരത്തിലുളള ആക്ഷേപങ്ങളും ഉയർന്നു.നടൻമാർക്കെതിരെ പരാതിയുയർത്തിയപ്പോൾ ഭീഷണികോൾ വന്നിട്ടുണ്ട്. അങ്ങനെ പേടിക്കുന്ന വ്യക്തിയല്ല ഞാൻ. അവർക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തെളിവുകളെല്ലാം ഞാൻ പൊലീസിന് നൽകിയിട്ടുണ്ട്. എനിക്ക് 25 ലക്ഷം തരാമെന്ന് നടൻ പറഞ്ഞു.സാധാരണ ജനങ്ങളെല്ലാം എന്റെ കൂടെയുണ്ടായിരുന്നു.
എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുളളവർ എനിക്കെതിരെ നിന്നു. കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു. സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ.
സ്വാസിക ഒരു സീരിയൽ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാം, പോക്‌സോ കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ നടൻമാർക്കെതിരെയുളള പരാതിയുമായി മുന്നോട്ട് പോകും’- നടി പറഞ്ഞു.