
മഹാരാഷ്ട്ര മഹായൂതിക്ക് തന്നെ സ്വന്തം
മഹാരാഷ്ട്ര; ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായൂതി സഖ്യം തന്നെയാണ് മഹാരാഷ്ട്ര പിടിക്കുന്നതെന്നാണ് പുറത്ത് വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിലാണ് ആകാംക്ഷകുതികളായി വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളും കടുത്ത പോരാട്ടം തന്നെയാണ് നടത്തുന്നത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായൂതി സഖ്യം തന്നെയാണ് കുതിപ്പിലേയ്ക്ക് പോകുന്നത്.
ബിജെപി, ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി, 220-ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം 145 ആണെന്നതിനാല്‍ തന്നെ മഹായൂതി വിജയത്തിലേയ്ക്ക് എകദേശം എത്തിയിരിക്കുന്നുവെന്ന് വേണം പറയാന്‍. അതിനാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ഇപ്പോള്‍ ശ്രദ്ധ വരുന്നത്.
ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണയ്ക്കുമോ, അതോ സഖ്യത്തെ പ്രബലമായ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഏകനാഥ് ഷിന്‍ഡെ തന്റെ സ്ഥാനം നിലനിര്‍ത്തുമോ എന്നതാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എന്നിവയുള്‍പ്പെടെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) 50 സീറ്റില്‍ താഴെയാണുള്ളത്. ഇനി ഒരു ഉയര്‍ത്തേഴുന്നേല്‍പ്പ് സാധ്യമല്ലെന്നത് വ്യക്തമാണ്.