തൃശൂര്‍: ചേലക്കരിൽ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്. 12122 വോട്ടുകള്‍ക്ക് യുആര്‍ പ്രദീപ് ജയിച്ചു. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ഉയര്‍ത്തി.
പതിറ്റാണ്ടുകളായി തങ്ങള്‍ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാന്‍ എല്‍ഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും ശക്തമായ പോരാട്ടം നടത്തി.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലവുമായി താരതമ്യം ചെയ്താല്‍ എല്‍ഡിഎഫിന് ഇത് വമ്പിച്ച മുന്നേറ്റമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്.
മുന്‍ എംഎല്‍എ യുആർ പ്രദീപിനെ എല്‍ഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസ് യുഡിഎഫിൻ്റെ സാരഥിയായി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു.
1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന് വിജയിച്ചത് 39400 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. ചെങ്കൊടി പാറിച്ച് ആഘോഷം പൊടിപൊടിക്കുകയാണ് ഇടത് പാളയം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ലഡുവും പായസവും വിതരണംചെയ്ത് ചേലക്കര വിജയാഹ്ലാദം തുടങ്ങിയിരുന്നു. ഇടതിന് ഉറപ്പുള്ള വിജയമായിരുന്നതുകൊണ്ടുതന്നെ പ്രവര്ത്തകൻ വിജയാഘോഷങ്ങള്‍ക്ക് യാതൊരു കുറവും വരുത്തിയിട്ടില്ലെന്നുവേണം പറയാൻ.