ഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാവരും ഉറ്റുനോക്കുന്ന മഹാരാഷ്ട്രയില്‍ ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വോട്ട് അവസാനിച്ചതോടെ തന്നെ എക്സിറ്റ് പോളുകളും പുറത്ത് വന്ന് തുടങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ മഹായുതി തന്നെ വിജയിക്കുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതല്ല, കോണ്‍ഗ്രസിനും മുന്നേറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എംവിഎ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ്, ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് വ്യക്തമാക്കിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന എക്സിറ്റ് പോളുകള്‍ തകിടം മറിഞ്ഞ കഥയാണ് പിന്നീട് കണ്ടത്.
ആ സമീപനം മഹാരാഷ്ട്രയിലും തുടരില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വസം. അതേസമയം, മഹായൂതിയും മനക്കോട്ട കെട്ടുകയാണ്. ഷിന്‍ഡെ മുഖ്യമന്ത്രി പദം വീണ്ടും അലങ്കരിക്കുമോ എന്നതും ചര്‍ച്ചയാണ്. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ, തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ എംവിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ ഉറപ്പിച്ചിട്ടുണ്ട്.
എംവിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം എല്ലാ സഖ്യകക്ഷികളും സംയുക്തമായി തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യാഴാഴ്ച പറഞ്ഞെങ്കിലും സഖ്യകക്ഷിയായ ശിവസേനയ്ക്ക് (യുബിടി) അത് ബോധ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (എസ്പി), ബി.ജെ.പി, ശിവസേന, എന്‍.സി.പി എന്നിവ അടങ്ങുന്ന എം.വി.എയും മഹായുതിയും ശനിയാഴ്ച വോട്ടെണ്ണലിന് ശേഷം തങ്ങളുടെ സഖ്യം അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. ആര് വാഴും ആര് വീഴുമെന്നത് നാളെ അറിയാനാകും.