ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷം. ഇതിനായിട്ടുള്ള സംയുക്ത സമിതിയുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടു, കരട് നിയമ നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ചത്തെ യോഗം പാനലിന്റെ അവസാന സിറ്റിംഗായിരിക്കുമെന്നും അതിന്റെ കരട് റിപ്പോര്‍ട്ട് ഉടന്‍ തന്നെ അംഗങ്ങള്‍ക്ക് കൈമാറുമെന്നും സമിതിയുടെ ചെയര്‍മാനും ബിജെപി അംഗവുമായ ജഗദാംബിക പാല് അറിയിച്ചു. ഇത് പ്രതിപക്ഷ അംഗ ങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കൂടാതെ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബില്ലിനെ അപലപിച്ച പ്രതിപക്ഷം ഇത് ഭരണഘടനയ്ക്കും മതത്തിനുള്ള അവകാശത്തിനുമെതിരായ കടന്നാക്രമണമാണെന്നും വാദിച്ചു. അതേസമയം, തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ അവസാന ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് ലോക്സഭ ആവശ്യപ്പെട്ടിട്ടുണ്ട്.