നിജ്ജാർ കൊലപാതകത്തിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി കനേഡിയൻ മാധ്യമം; കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ

ഡൽഹി: ഖാലിസ്ഥാൻ ഭീകരനായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി കാനേഡിയൻ മാധ്യമം. നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കാനേഡിയൻ മാധ്യമറിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാനഡയുടെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ.

പ്രധാനമന്ത്രിയ്‌ക്കെതിരേ നടത്തിയത് അപകീർത്തി പ്രചാരണമാണെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ ദിനപ്പത്രമാണ് പേര് വെളിപ്പെടുത്താത്ത കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രധാനമന്ത്രിയ്ക്ക് ഈ വിഷയത്തെ കുറിച്ച് അറിയാമായിരുന്നതായി റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യമന്തിയും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. മനഃപൂർവ്വമായി ഇത്തരത്തിലുള്ള അസംബന്ധപ്രസ്താവനകൾ ഒരു മാധ്യമത്തിന് നൽകിയ ഉദ്യോഗസ്ഥരെ കനേഡിയൻ സർക്കാർ പുറത്താക്കണമെന്നും രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിലാണ് വാൻകൂവറിൽവെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ നേരിടാനാരംഭിച്ചു. ഇന്ത്യയ്‌ക്കെതിരേ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അവിടുന്നിങ്ങോട്ട് ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments