കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ കടുവയുടെ സാന്നിദ്ധ്യമെന്ന് സംശയം. ജനങ്ങൾക്ക് ജാഗ്രതാ
നിർദേശം നൽകി അധികൃതർ. കഴിഞ്ഞ ദിവസം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത്.
കടുവയെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ ബൈജുനാഥ് പറഞ്ഞു.
പേരാമ്പ്ര എസ്റ്റേറ്റിൽ തൊഴിലാളികൾ അതിരാവിലെ തന്നെ ജോലിക്കെത്തുന്നവരാണ്. പുലർകാലങ്ങളിൽ ജോലിയ്ക്ക് പോകുന്നവരും ജാഗ്രത പുലർത്തണമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സൂചിപ്പിച്ചു. എന്തായാലും പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിർദേശം നൽകുകയായിരുന്നു.