തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ആയുധമായി എൽഡിഎഫ് സന്ദീപ് വാര്യർക്കെതിരെ നൽകിയ പരസ്യം ഇടത് മുന്നണിക്ക് വിനയായി. പരസ്യം നൽകിയത്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പുറത്ത് വന്നതോടെ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട് പക്ഷെ അവയൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പത്രത്തിൽ എന്ത് പരസ്യമാണ് പ്രദർശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയായ പിആർടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കളക്ടർക്ക് ഈ പരസ്യം നൽകേണ്ടത്. അത് വിശദമായി പരിശോധിച്ച് കളക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ ഇവ രണ്ടും ഈ പരസ്യം നൽകുന്നതിൽ പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്.
നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അതേസമയം, സംഭവത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കളക്ടർ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷന് ഏജന്റ്റിനും നോട്ടീസ് അയക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും. മറ്റ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എൽഡിഎഫ് അനുമതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തി.
ഇന്നാണ് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യം വിവാദത്തിലായത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇ കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എ പി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്.