വിവാഹ ജീവിതത്തിനോട് താല്പര്യമില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25-ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. എന്നാൽ, ഇപ്പോൾ ആ കാഴ്ച്ചപ്പാടിൽ മാറ്റം വന്നു എന്നും, വിവാഹം കഴിച്ചേ മതിയാകൂ എന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
പണ്ട് വിവാഹം സ്വപ്നം കണ്ടിരുന്ന സമയത്ത് ഗുരുവായൂർ അമ്പലത്തിൽ വച്ച് താലി കെട്ടണം എന്നതൊക്കെയായിരുന്നു ആഗ്രഹം. തുളസിമാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരുവായൂർ അപ്പന്റെ ഭക്തയായിരുന്നു. ഞങ്ങൾ എപ്പോഴും ഗുരുവായൂരും പോകുമായിരുന്നു. അവിടെ കണ്ടിരുന്ന കല്യാണങ്ങളിൽ നിന്നാണ് തനിക്ക് വിവാഹം എന്ന സ്വപ്നം വന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
പക്ഷേ പ്രായവും പക്വതയുമെത്തിയതോടെ തീരുമാനത്തിൽ മാറ്റമുണ്ടായി.പോകെ പോകെ ചുറ്റുമുള്ള ഓരോ വിവാഹ ബന്ധങ്ങളും ശ്രദ്ധിക്കാനിടയായി. ആളുകൾ സന്തോഷത്തിൽ അല്ലെന്ന് തോന്നി. ഇപ്പോൾ 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളായിരുന്നു കണ്ടത്. അവർ ആരും പേഴ്സണൽ സ്പേസിൽ വളരുന്നില്ല.
ബോധവും ബുദ്ധിയും വന്നപ്പോഴാണ് എനിക്ക് ഇത് ആവശ്യമില്ലെന്ന് മനസിലായതെന്നും ഐശ്വര്യ വ്യക്തമാക്കി. അതേ സമയം മുപ്പത് വയസിന് ശേഷവും രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്ത് കുട്ടികൾ വേണമെന്ന് കരുതിയിരുന്നു. പക്ഷെ, എനിക്ക് വേണ്ടത് അതായിരുന്നില്ല.
ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമാേണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമയായ ഹലോ മമ്മിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് നടി വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ച് സംസാരിച്ചത്. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന സിനിമയാണ് ഹലോ മമ്മി.
ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.