
ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ ഇനി കൊച്ചിക്ക് സ്വന്തം
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ ഇനി കേരളത്തിന് സ്വന്തം. കൊച്ചിയിലാണ് ഈ സെന്റര്‍ വന്നിരിക്കുന്നത്. മന്ത്രി പി രാജീവാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ത്യയില്‍ നിരവധി സ്ഥലങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ കമ്പിനി കേരളമണ്ണില്‍ വേരുറപ്പിച്ചത്. അമേരിക്ക ആസ്ഥാനമായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ടെക്‌നോളജി ദാതാക്കളായ നാഷണല്‍ ഓയില്‍ വെല്‍ കമ്പനിയുടേതാണ് ഈ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവറില്‍ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ്ങ് സെന്റര്‍, കോര്‍പ്പറേറ്റ് ഡിജിറ്റല്‍ സര്‍വീസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാകും. എന്‍ ഓ വി ഉല്‍പന്നങ്ങളുടെ വൈവിധ്യം ലക്ഷ്യമിട്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, സ്ഥാപനത്തിന്റെ ആഭ്യന്തര ഡിജിറ്റല്‍ പരിവര്‍ത്തനം സുഗമമാക്കുക, ആഗോള ഉപഭോക്തൃ സേവനം വിപുലപ്പെടുത്തുക എന്നിവയാണ് കൊച്ചി കേന്ദ്രം വഴി എന്‍ ഓ വി ലക്ഷ്യമിടുന്നത്. കേരളത്തിലെയ്ക്ക് എത്തുന്ന നാലാമത്തെ ആഗോള കമ്പനിയാണ് നാഷണല്‍ ഓയില്‍ വെല്‍ എന്ന് മന്ത്രി വ്യക്തമാക്കി.