പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു നൽകാൻ 572.90 കോടി വേണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക 4 തുല്യ ഗഡുക്കളായി വിതരണം ചെയ്യാനാണ് ഉത്തരവായിരുന്നത്. ഇതിൽ 3 ഗഡുക്കൾ പെൻഷൻകാർക്ക് വിതരണം ചെയ്തിട്ടുണ്ട്.
പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാമത്തെ ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. നാലാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ചു വരികയാണെന്നാണ് കെ.എൻ ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ബാലഗോപാൽ ഇതും നീട്ടി വയ്ക്കുമോയെന്ന ആശങ്കയിലാണ് പെൻഷൻകാർ . ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻകാർക്ക് 19 ശതമാനം ക്ഷാമ ആശ്വാസം കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക.
അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്. സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.
572.90 കോടി കുടിശ്ശിക നൽകാൻ വേണമെന്ന് ബാലഗോപാലനു മാത്രമല്ല കിട്ടേണ്ടവർക്കും അറിയാം.
ചെറിയപെൻഷൻ തുക വാങ്ങുന്നവർ വലിയ ബുദ്ധിമുട്ടിലാണ്.ജീവിതച്ചെലവ് നിയന്ത്രണാതീതമായ അവസ്ഥയിലാണ്.