ആലപ്പുഴ: കുട്ടികളുടെ കഴിവിന് പ്രോത്സാഹനമാകുന്ന ഒന്നാണ് സ്കൂളുകൾ സംഘടിപ്പിക്കുന്ന പ്രവർത്തിപരിചയ മേളകൾ. പലപ്പോഴും ഒരു കുട്ടിയെ കൊണ്ട് എങ്ങനെ ഇത്തരത്തിൽ ക്രിയേറ്റീവ് ആയി ചിന്തിക്കാൻ സാധിക്കുന്നു എന്ന അത്ഭുതം ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു പ്രവർത്തിപരിചയമേളയാണ് ഇത്തവണ നടന്ന സംസ്ഥാന പ്രവർത്തിപരിചയമേള.
കണ്ണിൽ ചെറുതായൊരു ഈറനണിയാതെ ആരും തന്നെ ആ വേദിയിൽ മടങ്ങിയിട്ടുണ്ടാകില്ല. കാരണം കേരളത്തെ ഒന്നടങ്കം കണ്ണീരിലാക്കിയ ദുരന്തത്തെ നേരിട്ട് കണ്ട കുട്ടികൾ ഒരുക്കിയ സംവിധാനങ്ങളാണ് ഇത്തവണ പ്രവർത്തി പരിചയമേളയുടെ തലയെടുപ്പ് കൂട്ടിയത്. മുണ്ടകൈ- ചൂരൽമല ദുരന്തം പാഠം ആക്കി ഉരുൾ പൊട്ടൽ മുന്നറിയിപ്പ് സംവിധാനം പരിചയപെടുത്തിയിരിക്കുകയാണ് വയനാട് സ്കൂളിൽ നിന്ന് സംസ്ഥാന പ്രവൃത്തി പരിചയ മേളക്ക് എത്തിയ കുട്ടികൾ.
സ്വന്തം നാടിനുണ്ടായ ദുരന്തം ഇനി എവിടെയും ആവർത്തിക്കരുത് എന്ന അവരുടെ ലക്ഷ്യം എതൊരു മനുഷ്യന്റെയും ഹൃദയത്തിൽ ഒരു വേദന സൃഷ്ടിക്കുന്നതാണ്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാനും രക്ഷനേടാനും സഹായിക്കുന്ന സാങ്കേതിക വിദ്യ. അതാണ് വയനാട് ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ കല്ലുവയലിൽ നിന്ന് എത്തിയ അഭിരാമും എബിനും അവതരിപ്പിച്ചത്.
പെയ്യുന്ന മഴയുടെ തീവ്രത അളന്നും, മണ്ണിന്റെ നനവും മരങ്ങളുടെ ചെരിവും മനസ്സിലാക്കിയും മുന്നറിയിപ്പ് നൽകുന്നതാണ് സംവിധാനം. 400 ഓളം ജീവനെടുത്ത ചൂരൽമല ദുരന്തം ഇനി എവിടെയും ആവർത്തിക്കരുതെന്ന ആഗ്രഹമാണ് ഇവരുടെ ചിന്തകൾക്ക് വേഗം പകർന്നത്.
വയനാട് ദുരന്തത്തെ ആസ്പദമാക്കിയുള്ള കണ്ടുപിടുത്തങ്ങൾ ആയിരുന്നു സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഏറെയും. അത്തരത്തിൽ അഭിരാമും എബിനും തയ്യാറാക്കിയത് പോലെ തിരുവനന്തപുരത്തുനിന്ന് എത്തിയ ആർദ്രയും ആദിൽ മുഹമ്മദും പരിചയപ്പെടുത്തിയ ദുരന്തം മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
56-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ പുരോഗമിക്കുകയാണ്. വ്യത്യസ്തമായ ആശയങ്ങളും ക്രിയാത്മകതയും കോർത്തിണക്കിയിരിക്കുകയാണ് ഇത്തവണ ശാസ്ത്രമേളാ വേദികളിൽ. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി.മേള, പ്രവൃത്തി പരിചയമേള തുടങ്ങിയ വിഭാഗങ്ങളിലായി അയ്യായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.