ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രമാണ് “അമരൻ”. ചിത്രമിറങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 300 കോടിക്കടുത്ത് ആഗോള കളക്ഷൻ എത്തിയിരിക്കുകയാണ്. 14 ദിവസം കൊണ്ട് 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായാണ് ഒരു ശിവകാർത്തികേയൻ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. ശിവകാർത്തികേയൻ നായകനാകുമ്പോൾ സായ് പല്ലവിയാണ് നായികയായെത്തിയത്. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിലൂടെ തന്നെ അസാമാന്യ കെമിസ്ട്രിയാണ് ഇരുവർക്കും ഉണ്ടായത്. ഈ സൂപ്പർ ഹിറ്റ് ജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റെബേക്ക വർഗീസിന്റെയും കഥയാണ് ചിത്രം പറയുന്നത്. 2014 ഏപ്രിലിൽ കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മുകുന്ദ് വരദരാജിന് ജീവൻ നഷ്ടപ്പെട്ടത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമ സോണി പിക്ചേഴിസിനൊപ്പം ചേര്‍ന്ന് കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിർമ്മിച്ചത്.