രാജസ്ഥാനിൽ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇഡി – തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ വീണ്ടും റെയ്ഡ്

തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിൽ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസാരയുടെ വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. ദോതസാരയുടെ ജയ്പൂരിലെയും സിക്കാറിലെയും വസതിയിൽ രാവിലെ 8.30 മുതല്‍ ഇഡി റെയ്ഡ് നടക്കുകയാണ്. സ്വതന്ത്ര എം എല്‍ എ ഓം പ്രകാശ് ഹുഡ്‌ലയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടാതെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന് ഇഡി സമന്‍സ് അയയ്ക്കുകയും ചെയ്തു. വൈഭവ് ജയ്പൂരിലോ ന്യൂഡല്‍ഹിയിലോ ഇ ഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ വെള്ളിയാഴ്ച ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയതായി പി ടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രിട്ടണ്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്ട്‌സ് പ്രൈവ്റ്റ് ലിമിറ്റഡ്, വര്‍ധ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരുമായ ശിവശങ്കര്‍ ശര്‍മ, രത്തന്‍ കാന്ത് ശര്‍മ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഈയടുത്ത് ഇ ഡി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് വൈഭവിന് സമന്‍സ് അയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദോതസാരയ്‌ക്കെതിരെ ഇ ഡി നടപടിയും തന്റെ മകന് സമന്‍സും വന്നിരിക്കുന്നതെന്ന് അശോക് ഗെലോട്ട് എക്‌സില്‍ കുറിച്ചു. ”കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകളുടെ ഗുണം രാജസ്ഥാനിലെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കരുതെന്ന് ബി ജെ പി ആഗ്രഹിക്കുന്നു. രാജസ്ഥാനില്‍ ഇ ഡിയുടെ ഇടപെടല്‍ നടക്കുന്നുവെന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ,”ഗെലോട്ട് കുറിച്ചു.

എന്നാല്‍ നടപടിയെ കുറിച്ച് ഇ ഡി ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് ദോതസ്രയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തുന്നതെന്നും ശ്രദ്ധേയമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദോതസ്ര ലക്ഷ്മണ്‍ഗഢിലും ഹുഡ്‌ല മഹ്‌വയിലുമാണ് മത്സരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments