അബുജ: അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്നലെയാണ് വിദേശത്തേയ്ക്ക് പോയത്. ആദ്യം നൈജീരിയയിലേയ്ക്കും അവിടെ നിന്ന് 2ജി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേയ്ക്കും പിന്നീട് ഗയാനയിലേയ്ക്കും മോദി പോകും. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ സന്ദര്‍ശനം. അതേസമയം, പ്രധാനമന്ത്രിക്ക് സമ്മാനം നല്‍കിയാണ് നൈജീരിയന്‍ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് സ്വീകരിച്ചത്. അബുജയിലെത്തിയ പ്രധാനമന്ത്രിക്ക് അബുജയിലെ ‘നഗരത്തിലേക്കുള്ള താക്കോല്‍’ സമ്മാനിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണത്തെത്തുടര്‍ന്ന് നൈജീരിയയില്‍ തന്റെ ആദ്യ സന്ദര്‍ശനത്തിന് മോദി എത്തിയിരിക്കുന്നത്. ജനാധിപത്യത്തില്‍ പങ്കിട്ട വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള അവസരമായിരിക്കും എന്റെ നൈജീരിയന്‍ സന്ദര്‍ശനം. ഒപ്പം എനിക്ക് ഹിന്ദിയില്‍ ഊഷ്മളമായ സ്വാഗത സന്ദേശങ്ങള്‍ അയച്ച നൈജീരിയയിലെ ഇന്ത്യന്‍ സമൂഹത്തെയും നൈജീരിയയില്‍ നിന്നുള്ള സുഹൃത്തുക്കളെയും കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
2007 മുതല്‍ ഇന്ത്യയും നൈജീരിയയും ഊഷ്മളവും സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നുണ്ട്. നൈജീരി യയിലെ പ്രധാന മേഖലകളില്‍ 200-ലധികം ഇന്ത്യന്‍ കമ്പനികള്‍ 27 ബില്യണ്‍ ഡോളറിലധികം ഇതിനോടകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. സാമ്പത്തിക, ഊര്‍ജ, പ്രതിരോധ സഹകരണത്തോടെയാണ് ഇന്ത്യയും നൈജീരിയയും തങ്ങളുടെ ബന്ധം വളര്‍ത്തുന്നത്. ഇത് മാത്രമല്ല, നൈജീരിയയിലെ അപൂര്‍വ്വ ബഹുമതിയായ, ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വിദേശ പ്രതിനിധി ആയിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി. ആദ്യം ഈ പുരസ്‌കാരം ലഭിച്ചത് എലിസബത്ത് രാജ്ഞിക്കായിരുന്നു.