ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുനേരെ ബോംബാക്രമണം. വടക്കൻ ഇസ്രായേലി നഗരമായ സിസേറിയയിലെ വീടിന് നേരെ രണ്ട് ഫ്‌ലാഷ് ബോംബുകൾ പ്രയോഗിച്ചത്. ഇവ പൂന്തോട്ടത്തിൽ വീണ് പൊട്ടിയതിനാൽ വലിയ അപകടം ഒഴിവായി. നെതന്യാഹുവോ അദ്ദേഹത്തിന്റെ കുടുംബമോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇസ്രയേൽ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാൽ, ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞത്. ഇറാന്റെയും രഹസ്യ സഖ്യകക്ഷികളുടെയും ഭീഷണി നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇത്തരം ഭീഷണികൾക്ക് വഴങ്ങാനാകില്ലെന്നും കാറ്റ്സ് പറഞ്ഞു.
ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സുരക്ഷാ, ജുഡീഷ്യൽ ഏജൻസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ സിസേറിയയിലെ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.