മലയാള നടന്മാരില് ഏറെ ആരാധകരുള്ള ഒരു പക്ഷേ ഹെയിറ്റേഴ്സ് ഇല്ലാത്ത നടനാണ് ഇന്ദ്രന്‍സ്. ഒരു തയ്യല്‍ക്കാരനായിട്ട് ജീവിതം തുടങ്ങിയെങ്കില്‍ ഇന്ന് മലയാള സിനിമയുടെ നെറുകയിലും ആരാധകരുടെ ഹൃദത്തിലുമാണ് അദ്ദേഹത്തിന്രെ സ്ഥാനം. കോമഡി വേഷങ്ങള്‍ ചെയ്ത് തുടങ്ങി പിന്നീട് വില്ലനിസവും ക്യാരക്ടര്‍ റോളുകളുമെല്ലാം ഭദ്രമാക്കിയെങ്കിലും എളിമയുടെ കാര്യത്തില്‍ അന്നും ഇന്നും എന്നും ഒരുപോലെയുള്ള നടനാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ 68ആം വയസില്‍ ഏഴാംക്ലാസിലെ തുല്യതാ പരീക്ഷയില്‍ ജയിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് ഇന്ദ്രന്‍സ്. ഈ വിജയം തനിക്ക് ഇരട്ടി സന്തോഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ദ്രന്‍സിന് വിദ്യാഭ്യാസ മന്ത്രിയും ആശംസ നേര്‍ന്നു.
പത്താംക്ലാസ് തുല്യത നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചത്. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറഞ്ഞിരുന്നു.
സ്കൂളില്‍ പോകാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയായിരുന്നു വീട്ടിലെന്നും പിന്നീട് താന്‍ തയ്യല്‍ ജോലിയിലേയ്ക്ക് പോവുകയായിരുന്നുവെന്ന് മുന്‍പ് ഇന്ദ്രന്‍സ് തന്നെ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ ഒരുപാട് പേര്‍ക്ക് അദ്ദേഹം മാതൃകയാണെന്ന് വിജയത്തിലൂടെ മനസിലാക്കാം. പ്രായം ഒന്നിനും തടസമല്ല മനസാണ് പ്രധാനം.