
വീണ്ടും താരിഫ് നിരക്ക് കൂട്ടാൻ സ്വകാര്യ ടെലികോം കമ്പനികൾ
ഡൽഹി : കഴിഞ്ഞ് രണ്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് വർദ്ധിപ്പിച്ച സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് ഇപ്പോഴും ബുദ്ധിമുട്ടായി തോന്നുന്നവരാണ് നമ്മളിൽ പലരും. അത്തരക്കാർക്ക് ഇരട്ടി പ്രഹരമാകാൻ പോകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. അതേ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ വിഐ പോലുള്ള കമ്പനികൾ വീണ്ടും താരിഫ് നിരക്ക് വർദ്ധിപ്പിക്കാൻ പോകുന്നു എന്നാണ് സൂചന.
അതായത് റീച്ചാർജ് നിരക്ക് കുത്തനെ കൂടാൻ പോകുന്നു . വരും ഭാവിയിൽ അടുത്ത നിരക്ക് വർധന ആവശ്യമാണെന്ന് കമ്പനികൾ ഇതിനകം ആവശ്യം ഉയർത്തിക്കഴിഞ്ഞു. വോഡാഫോൺ ഐഡിയയും ഭാരതി എയർടെല്ലുമാണ് ഈ ആശയത്തിന് പിന്നിൽ. റിലയൻസ് ജിയോ കൂടി സമ്മതം മൂളിയാൽ താരിഫ് വർധനവ് വീണ്ടും സംഭവിച്ചേക്കാം എന്നാണ് സൂചന.
കൂടുതൽ ഇൻറർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നവർ കൂടുതൽ പണം മുടക്കേണ്ട രീതിയിലേക്ക് രാജ്യത്തെ ടെലികോം താരിഫ് സംവിധാനം മാറേണ്ടതുണ്ട് എന്ന് വിഐ സിഇഒ വ്യക്തമാക്കുന്നു. താരിഫ് നിരക്കുകളിൽ കൂടുതൽ പരിഷ്‌കാരം വേണമെന്ന നിലപാട് തന്നെയാണ് ഭാരതി എയർടെല്ലിനുമുള്ളത്. ഇനി ജിയോ മാത്രമാണ് ഇതിൽ തീരുമാനം എടുക്കാൻ ഉള്ളത്.
ജൂലൈയിലെ താരിഫ് വർധനവിന് ശേഷം വിഐയുടെ ആവറേജ് റെവന്യൂ പെർ യൂസർ 154 രൂപയിൽ നിന്ന് 166 രൂപയായി ഉയർന്നു. റിലയൻസ് ജിയോയും ഭാരതി എയർടെല്ലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. എയർടെല്ലിൻറെ ആവറേജ് റെവന്യൂ പെർ യൂസർ 233 രൂപയും ജിയോയുടേത് 195.1 രൂപയുമാണ്.
അതേ സമയം സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് കൂട്ടി ഉപഭോക്താക്കളിൽ പ്രഹരമേൽപ്പിച്ച് കൊണ്ടിരിക്കുമ്പോൾ സർക്കാർ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് കൈപിടിയിലൊതുങ്ങുന്ന ഓഫറുകൾ ലഭ്യമാക്കികൊണ്ടാണ് രംഗത്ത് എത്തുന്നത്.
മൊബൈൽ റീച്ചാർജ് മാത്രമല്ല വൈഫൈ കണക്ഷനിലും വലിയ മാറ്റങ്ങളാണ് ബിഎസ്എൻഎൽ കൊണ്ടു വന്നിരിക്കുന്നത്. നമ്മുടെ വീട്ടിലെ WIFI കണക്ഷൻ രാജ്യത്തെവിടെ പോയാലും ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ബിഎസ്എൻഎൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത്. ഇതിനിടെ വീണ്ടും സ്വകാര്യ കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയാൽ സ്വാഭാവികമായി ബിഎസ്എൻഎലിലേക്ക് ഉപഭോക്താക്കൾ ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ.