KeralaNews

വയനാട്ടുകാർക്ക് വേണ്ടിയുള്ള കേന്ദ്ര സഹായം; നീതിയില്ലാത്ത കടുത്ത വിവേചനമെന്ന് കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേന്ദ്ര സഹായം വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് മന്ത്രി കെ.എൻ ബാല​ഗോപാൽ. കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നതെന്നും കെഎൻ ബാല​ഗോപാൽ.

വയനാട് ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

നാന്നൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട്‌ കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിനു കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാണെന്നും ബാലഗോപാൽ പറഞ്ഞു.

അതേ സമയം ഇന്ന് ദുരന്തസഹായമായി കേന്ദ്രത്തിൽ നിന്ന് വരേണ്ടുന്ന തുക വൈകുന്നതിൽ സ്വമേധയാ എടുത്ത കേസ് കോടതിയിൽ വാദം കേട്ടിരുന്നു. ഫണ്ട് അനുവദിക്കുന്നതിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര നിലപാടിൽ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുമ്പോൾ കേരളത്തിന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്പോഴും അനുകൂലസമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാർത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു.

എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാർത്തകൾ കണ്ടാൽ ഒന്നും നൽകില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളിൽ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

One Comment

Leave a Reply

Your email address will not be published. Required fields are marked *