InternationalNewsPolitics

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ചുവന്ന് ശ്രീലങ്ക; മൂന്നിൽ രണ്ട് ഭൂരിപക്ഷം, അനുര കുമാര ദിസനായകെയുടെ പാർട്ടി വിജയിച്ചു

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ പാർട്ടി വിജയിച്ചു. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് വിജയം. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി) സഖ്യം നേടി. ഇത്തവണ 70 ശതമാനത്തിലും താഴെയായിരുന്നു പോളിങ്. സെപ്റ്റംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 80 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

സെപ്റ്റംബർ 21-നായിരുന്നു ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. ഇതിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായക വിജയിക്കുകയും പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സെപ്തംബർ 23നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

ആ സമയത്ത് അദ്ദേഹത്തിന്റെ എൻപിപി സഖ്യത്തിന് പാർലമെൻ്റിൽ 3 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഭൂരിപക്ഷം നേടാൻ വേണ്ടി പാർലമെൻ്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് നടത്താനും പ്രസിഡൻ്റ് ദിസനായക ഉത്തരവിട്ടു.

തുടർന്ന് നവംബർ 14 ന് പുതിയ പാർലമെൻ്റിനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 225 അംഗങ്ങളുളള ശ്രീലങ്കൻ പാർലമെൻ്റിൽ 196 എംപിമാരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. നവംബർ 14 ന് വൈകിട്ട് നാലിന് പോളിങ് അവസാനിച്ച ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *