ഇന്ന് നിരവധി ജീവജാലങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. അതിന് പിന്നിൽ നിരവധി കാരണങ്ങളും ഉണ്ടാകും. എന്നാൽ സെക്സ് കാരണം വംശനാശ ഭീഷണി നേരിടുന്ന ഏതെങ്കിലും ജീവികളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്നാൽ അത്തരത്തിലൊരു ജീവിയുണ്ട്. എവിടെയൊന്നുമല്ല അങ്ങ് ഓസ്‌ട്രേലിയയിലാണ് ഇവന്റെ താമസം. കാണാൻ പൂച്ചയെ പോലിരിക്കുന്ന ഇവന്റെ പേരാണ് ക്വോളുകൾ. ആൺ ക്വോളുകൾ ആണ് വംശനാശ ഭീഷണി നേരിടുന്നത്.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെപ്പറ്റി പഠനം നടക്കുന്നത് പോലെ ക്വോളുകളെ പറ്റിയും പഠനങ്ങൾ നടന്നിട്ടുണ്ട്. ആൺ ക്വോളുകൾ കൂടുതൽ ലൈംഗികതയ്ക്കായി ഉറക്കം ഉപേക്ഷിക്കുന്നതാണ് അവയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നതെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മാംസഭോജികളായ ആൺ ക്വാളുകൾ പ്രജനനകാലത്ത് നിരവധി പങ്കാളികളുമായി ഇണ ചേരുന്നു. എന്നാൽ ഇവ ഒരു മാസംകൊണ്ട് മരിച്ചുപോകുകയും ചെയ്യുന്നു. അതേസമയം, പെൺ ക്വോളുകൾക്ക് നാലു വർഷം വരെ ജീവിക്കാനും പ്രത്യുൽപാദനം നടത്താനും സാധിക്കും.
ഓസ്‌ട്രേലിയയുടെ വടക്കൻ തീരത്തുള്ള ഗ്രൂട്ട് എയ്‌ലാന്റ് എന്ന ദ്വീപിലാണ് ക്വോളുകളെ ധാരാളമായി കാണുന്നത്. ഈ ദ്വീപിൽ നേരിട്ടെത്തി 42 ദിവസത്തോളം അവിടെ താമസിച്ചാണ് ഗവേഷകർ ക്വോളുകളെക്കുറിച്ച് വിശദമായി പഠിച്ചത്. ഇവയെ പിന്തുടർന്ന ഗവേഷകർ ക്വോളുകൾ ഇണചേരുന്നതിനായി ഒരു രാത്രിയിൽ പത്തു മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിച്ചതായി കണ്ടെത്തി. എന്നാൽ ഇരപിടിക്കാനും വേട്ടമൃഗങ്ങളെ ഒഴിവാക്കാനും പെൺ ക്വോളുകൾ കാണിക്കുന്ന ജാഗ്രത ആൺ ക്വോളുകൾക്കില്ലെന്നും, അവയുടെ പ്രധാനലക്ഷ്യം ഇണചേരലാണെന്നും ഗവേഷകർ പറയുന്നു.