തിരുവനന്തപുരം: ഇപിയുടെ സത്യസന്ധത പണിയാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി ഇപിയെ ചവിട്ടി പുറത്താക്കാനാണ് സാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇപി പാലക്കാട് വന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പറഞ്ഞത് കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട തമാശയാണെന്നും സതീശന് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
എപ്പോളും സത്യം പറയുന്ന ഇപിയെ സത്യം പറയാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇപി ജയരാജനെ പാർട്ടി പുറത്താക്കിയേക്കാനുള്ള സാധ്യത ഏറെയെന്ന സൂചനയാണ് വിഡി സതീശൻ നൽകുന്നത്.
അതേസമയം, ഇപിക്ക് അഭയം നല്കുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ഇപിക്ക് കമ്യൂണിസ്റ്റുകാരനായി തന്നെ തുടരാനാകും ആഗ്രഹമെന്നും അങ്ങനെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ആത്മകഥാ വിവാദത്തെ കുറിച്ച് സതീശന് പറഞ്ഞതിങ്ങനെ..’ഇപി ഡിജിപിക്ക് കൊടുത്ത പരാതിയില്‍ ഡിസിബുക്സിന്റെ പേരില്ല. നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ അത് അദ്ദേഹത്തിന്റെ ആത്മകഥയാണെന്ന്. അന്തരീക്ഷത്തില്‍ നിന്ന് ഒരാത്മ കഥയുണ്ടാക്കി പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് പോലെ ഒരു സ്ഥാപനം തയ്യാറാകുമോ? അദ്ദേഹം പറഞ്ഞല്ലോ, ഭാഷാശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്. പിന്നെ ഇത് പുറത്ത് കൊടുത്തത് ആരാണെന്ന് ഞങ്ങളാദ്യമേ പറഞ്ഞല്ലോ, ഇപിയുടെ മിത്രങ്ങളാണോ, ശത്രുക്കളാണോ എന്നേ അറിയാനുള്ളൂ’. ഇപിയെ സിപിഎം ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.