പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടത് സ്ഥാനാർത്ഥി പി. സരിന് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങാൻ ഇ.പിക്ക് പാർട്ടി നിർദ്ദേശം. വൈകിട്ട് 5ന് പൊതുയോഗത്തിൽ സംസാരിക്കും.
പുറത്തുവന്ന ആത്മകഥയിൽ പാലക്കാട്ടെ ഇടതുസ്ഥാനാർഥി ഡോ. പി. സരിനെതിരായ ‘വയ്യാവേലി’ പരാമർശത്തിന് പിന്നാലെയാണ് പാർട്ടി നിർദ്ദേശ പ്രകാരം ഇ.പി. ജയരാജൻ പാലക്കാട്ടെത്തുന്നത്. ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടംചാടൽ പലഘട്ടത്തിലും പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണെന്നായിരുന്നു സരിന്റെ പാർട്ടി സ്ഥാനാർഥിത്വത്തെ കുറിച്ച് ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൽ പറയുന്നത്.
നിലമ്പൂരിലെ പി.വി. അൻവറിന്റെ കൂറുമാറ്റവും ഉദുമയിൽ കോൺഗ്രസ് റിബൽ കുഞ്ഞിരാമൻ നമ്പ്യാരെ ഒപ്പം നിർത്തിയപ്പോഴുണ്ടായ അനുഭവവും ഇതിന് ഉദാഹരണമായി പറയുന്നു.
‘അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിഷയവും ചർച്ചയാകുമല്ലാ. ഡോ. പി സരിൻ തലേ ദിവസംവരെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അത് കിട്ടാതായപ്പോൾ ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടം ചാടൽ ശത്രുപാളയത്തിലെ വിള്ളൽ പരമാവധി മുതലെടുക്കണമെന്നത് നേര്. ഇത്തരത്തിൽ സ്വതന്ത്രരെ പക്ഷം നിർത്തുന്നതിനെക്കുറിച്ച് സ. ഇ.എം.എസ് പലകുറി പറഞ്ഞിട്ടുണ്ട്. പല ഘട്ടത്തിലും നമുക്കത് പ്രയോജന പ്പെട്ടിട്ടുമുണ്ട്.
എന്നാൽ അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി.വി. അൻവർ അതിലൊരു പ്രതീകം. പണ്ട് ഉദുമയിൽ നടത്തിയ പരീക്ഷണം ഓർമ്മയിൽ വരുന്നു. കോൺഗ്രസ് റിബൽ കുഞ്ഞിരാമൻ നമ്പ്യാരെ നമ്മുടെ സ്വതന്ത്രനാക്കി. ജയിച്ചു. പക്ഷേ, മാസങ്ങൾക്കകം മറുകണ്ടം ചാടി’ -പുസ്തകത്തിൽ പറയുന്നു.