ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നല്‍കാന്‍ വൈകുന്നതിന്റെ കാരണം വ്യക്ത മാക്കി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതുവരെ സ്റ്റാര്‍ലിങ്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. ഇന്ത്യയിലെ സേവനങ്ങള്‍ക്കുള്ള എല്ലാ ആവശ്യകതകളും നിറവേറ്റിയതിന് ശേഷം മാത്രമേ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാര്‍ലിങ്കിന്റെ ലൈസന്‍സിന്റെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് ഇക്കാര്യം മന്ത്രി വ്യക്തമാ ക്കിയത്. നിലവില്‍, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വണ്‍വെബിനും ജിയോ-എസ്ഇഎസ് സംയുക്ത സംരംഭമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സ്പെക്ട്രം അലോക്കേഷനായി കാത്തിരിക്കുന്നതിനാല്‍ രണ്ട് കമ്പനികളും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല, അതിനുള്ള വിലയും നിയമങ്ങളും പ്രക്രിയയിലാണ്.
സ്രോതസ്സുകള്‍ അനുസരിച്ച്, ഉപഗ്രഹ ആശയവിനിമയത്തിനുള്ള സ്‌പെക്ട്രം അലോക്കേഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട നിയമ ങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡിസംബര്‍ 15-നകം ശുപാര്‍ശ പൂര്‍ത്തിയാക്കും. ട്രായിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിലയിരുത്തുകയും അതിനുശേഷം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കുന്ന കാര്യം തീരുമാനിക്കുകയും ചെയ്യും, ഇത് രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.