തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മനീഷ കൊയ്രാള. തന്നെ പിന്തുടരുന്ന രോഗത്തെപ്പറ്റി മനസ് തുറക്കുകയാണ് നടി. മാസത്തിലൊരിക്കൽ തനിക്ക് അസഹ്യമായ തലവേദന ഉണ്ടാകുന്നു. എന്നാൽ അതിന് കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മനീഷ കൊയ്രാള പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് രോഗത്തെപ്പറ്റിയും അതിനെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തിയ ചില മാർഗങ്ങളും താരം പങ്കുവയ്ക്കുന്നത്.
”സുഹൃത്തുക്കളെ, വ്യക്തിപരമായ ചില കാര്യങ്ങളാണ് ഞാനിന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു പക്ഷേ നിങ്ങളിൽ ചിലർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. മാസത്തിലൊരിക്കൽ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ എനിക്ക് തലവേദന വരികയാണ്. ഇതിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ ഉറക്കക്കുറവ്, നിർജ്ജലീകരണം, ഭക്ഷണത്തിലെ പ്രശ്നം, സ്ട്രെസ് ഇവയിൽ ഏതെങ്കിലുമാണോ കാരണമെന്നും മനീഷ കൊയ്രാള ചോദിക്കുന്നു.
”ഇതിന് ഞാൻ കണ്ടെത്തുന്ന പരിഹാരം ഇതാണ്. ഒന്നോ രണ്ടോ ദിവസം അടച്ചുപൂട്ടി ഇരിക്കുക. നല്ല പാട്ടുകളോ ഓഡിയോ ബുക്കുകളോ കേൾക്കുക. ലളിതമായ ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, മരുന്ന് കഴിക്കുക ഇതൊക്കെയാണ് മാർഗങ്ങൾ. നിങ്ങളിൽ ആർക്കെങ്കിലും ഈ പ്രശ്നങ്ങളുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങൾ അതിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നത് ? നിങ്ങൾ ആ സമയത്ത് എന്തൊക്കെ ചെയ്യുമെന്ന് പറയൂ. എന്നെപ്പോലെ അത് മറ്റ് പലർക്കും ആശ്വാസമാകുമെന്നും” മനീഷ കൊയ്രാള പറയുന്നു.