അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തോടെ സായ് പല്ലവി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ശിവകാർത്തികേയൻ നായകനായ അമരനിൽ ശ്രദ്ധേയ വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചത്. മികച്ച രീതിയിൽ നടി തനിക്ക് ലഭിച്ച കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സായ് പല്ലവിയുടെ കരിയർ ഗ്രാഫ് തെന്നിന്ത്യൻ സിനിമാ ലോകത്തെ അപൂർവ കാഴ്ചയാണ്. കടുത്ത നിബന്ധനകൾ വെക്കുന്ന നടിയാണ് സായ് പല്ലവി.
അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്നു. സൂപ്പർസ്റ്റാർ സിനിമകളാണെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ സായ് പല്ലവി ചെയ്യില്ല. എന്നാൽ ഇതൊന്നും മുൻനിര നായിക നടിയാകുന്നതിൽ സായ് പല്ലവിക്ക് ഒരു തടസമേ ആയിരുന്നില്ല എന്ന് വേണം പറയാൻ. മികച്ച സിനിമളുമായി കരിയറിൽ മുന്നേറുകയാണിന്ന് നടി. തെലുങ്കിൽ നടി ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റാണ്.
നാനിക്കൊപ്പം ചെയ്ത ശ്യാം സിംഗ റോയ് ഹിറ്റായില്ലെങ്കിലും സായ് പല്ലവി ചെയ്ത കഥാപാത്രവും നടിയുടെ നൃത്ത രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയായ സായ് പല്ലവി ശ്യാം സിംഗ റോയിയിലെ നൃത്ത രംഗങ്ങൾ അവിസ്മരണീയമാക്കി. എന്നാൽ ഈ സിനിമയുടെ ഷൂട്ടിംഗ് നാളുകൾ നടിക്ക് അത്ര സുഖകരമായിരുന്നില്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവിയിപ്പോൾ.
ശ്യാം സിംഗ റോയിയിൽ ഭൂരിഭാഗം സീനുകളും രാത്രിയായിരുന്നു. എന്നാൽ എനിക്ക് നെെറ്റ് ഷൂട്ട് ഇഷ്ടമല്ല. പകൽ സമയം ഉറങ്ങാൻ പറ്റാത്ത ആളാണ് ഞാൻ. രാത്രിയും പകലും ഉറങ്ങാതിരിക്കുന്നത് ആലോചിച്ച് നോക്കൂ. ഒന്നോ രണ്ടോ ദിവസമല്ല, 30 ദിവസത്തോളം ഇങ്ങനെ പോയി. ഈ സിനിമയ്ക്കിടെ മറ്റ് സിനിമകളും ചെയ്യുന്നുണ്ട്. ഒരു ദിവസം കരഞ്ഞ് പോയെന്നും സായ് പല്ലവി പറയുന്നു.
സിനിമകളിൽ അഭിനയിക്കണം, പക്ഷെ ഒരു ദിവസം ഒഴിവ് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോയി. ആരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷെ ഞാൻ കരയുന്നത് അനിയത്തി കണ്ടു. അവൾ നേരെ പ്രൊഡ്യൂസറിനടുത്ത് പോയി ഞാൻ കരയുകയാണ്, ഒരു ദിവസം ഒഴിവ് കൊടുക്കണമെന്ന് പറഞ്ഞു. നിർമാതാവിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി. തന്റെ ബുദ്ധിമുട്ട് കണ്ട് നിർമാതാവിന് വിഷമമായി. പത്ത് ദിവസം ഓഫ് എടുക്കൂ, ഇഷ്ടമുള്ളതെല്ലാം ചെയ്യ്, തയ്യാറായ ശേഷം തിരിച്ച് വരൂ എന്നാണ് നിർമാതാവ് പറഞ്ഞത്.
ശ്യാം സിംഗ റോയിയിലെ മുഴുവൻ പേരും തന്നെ കുട്ടിയെ പോലെയാണ് കണ്ടത്. അതുകൊണ്ടായിരിക്കാം തനിക്ക് ബ്രേക്ക് വേണമെന്ന് അവർ ചിന്തിക്കാതിരുന്നതെന്നും സായ് പല്ലവി വ്യക്തമാക്കി. അതേസമയം, തമിഴിൽ നടി തുടരെ സിനിമകൾ ചെയ്യാറില്ല. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് നടി. മലയാളത്തിൽ സായ് പല്ലവിയെ കണ്ടിട്ട് ഏറെക്കാലമായി. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തെത്തുന്നത്. കലി, അതിരൻ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.