എറണാകുളം : സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെട്ട ലഹരിക്കേസിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത്. കേസിൽ പ്രതിയായ ഗുണ്ടാനേതാവ് ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്നിന്റെ സാന്നിധ്യം ഫോറൻസിക് സംഘം സ്ഥിരീകരിച്ചു. ഹോട്ടലിൽ ലഹരി പാർട്ടി നടന്നുവെന്ന് തന്നെയാണ് പരിശോധന ഫലം തെളിയിക്കുന്നത്.
അതിനാൽ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനാണ് സാധ്യത. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എന്തിന് വേണ്ടി ലഹരി പാർട്ടി നടന്ന മുറിയിലേക്ക് എത്തിയെന്നതും പോലീസ് അന്വേഷിക്കും.
കൊക്കെയ്ൻ ഉപയോഗിച്ചതായി പൊലീസിന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓംപ്രകാശിന് ജാമ്യം അനുവദിച്ചത്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 20-ലധികം ആളുകളാണ് ഓംപ്രകാശിന്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.