
മത്സ്യബന്ധനത്തിൽ തർക്കം രൂക്ഷം; ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്നതിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ. നിയമവിരുദ്ധമായ മത്സ്യബന്ധനം അനുവദിക്കാൻ കഴിയില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അറിയിച്ചു. വിഷയത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പ് നൽകി. ജാഫ്നയിലെ പൊതുയോഗത്തിലായിരുന്നു ലങ്കൻ പ്രസിഡന്‍റിന്‍റെ പരാമർശം.
ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കക്കുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കക്കുന്നത്. ഇത് സംരക്ഷിക്കാൻ ഞങ്ങൾ ഏത് അറ്റം വരെയും പോകുമെന്ന് പ്രസിഡന്‍റ് അനുര വ്യക്തമാക്കി.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിനിടെയാണ് അനുര നിലപാട് കടുപ്പിക്കുന്നത്. ഇന്നലെയും 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനുര കടുത്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീലങ്കയിൽ ചരിത്രം കുറിച്ച് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തിയത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര ഡിസനായകെ.
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമായാണ് മത്സരം അവസാനിച്ചത് .
ലങ്കയുടെ പ്രസിഡന്‍റ് പദവിയിലെത്തിയ ഇടതുനേതാവ് സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ മറികടക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മത്സ്യസമ്പത്തിന്‍റെ കാര്യത്തിലും ശക്തമായ ഇടപെടൽ നടത്താനുള്ള ശ്രമം നടത്തുന്നത്.