
സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്ത്. നവംബർ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്ഷൻ സിനിമയായ കങ്കുവയിൽ വില്ലനായെത്തുന്നത് ബോബി ഡിയോളാണ്. റിലീസ് ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് 2 വായി തുടരുകയാണ്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് റിലീസ് ട്രെയിലറിന്റെ ഹൈലൈറ്റ്.

രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും സൂര്യ അവതരിപ്പിക്കുക. അതേസമയം, ബോബി ഡിയോൾ ആദ്യമായാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്.