സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് “കണ്ണപ്പ”. ചിത്രത്തിൽ പ്രഭാസിന്റെ ക്യാരക്ടർ ലുക്ക് ലീക്കായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, പ്രഭാസിന്റെ ലുക്ക് പുറത്തുവിട്ടയാളെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ 24 ഫ്രെയിംസ് ഫാക്ടറി. അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ടീസറിൽ പോലും പ്രഭാസിന്റെ ലുക്ക് വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ എങ്ങനെ ക്യാരക്ടർ ലുക്ക് ചോർന്നുവെന്നാണ് ഉയരുന്ന സംശയം. “കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ ഞങ്ങളുടെ മനസും ആത്മാവും കണ്ണപ്പയിൽ അർപ്പിച്ചിരിക്കുകയാണ്. രണ്ട് വർഷത്തെ തീവ്ര പരിശ്രമത്തിന് ഒടുവിൽ മികച്ചൊരു ചിത്രം നിങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഞങ്ങളുടെ അനുമതി ഇല്ലാതെ പ്രഭാസിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. വളരെയധികം നിരാശാജനകമാണത്. ഇതെങ്ങനെ പുറത്തെത്തി എന്ന് ഞങ്ങൾക്ക് അറിയണം. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളും പൊലീസും. പുറത്തുവന്ന പോസ്റ്റർ പങ്കിടരുതെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അറിയിക്കുകയാണ്. ചിത്രം പുറത്തുവിട്ട ആളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകുന്നതായിരിക്കും” എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിൽ അതിഥി വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് ചിത്രം പറയുന്നത്. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.