CinemaNews

10 ദിവസംകൊണ്ട് 200 കോടി ; ബോക്സോഫീസിൽ ‘ശിവ താണ്ഡവം’

ബോക്സോഫീസിൽ പണം വാരി കൂട്ടി ശിവ കാർത്തികേയൻ നായകനായ അമരൻ. പത്ത് ദിവസംകൊണ്ട് ചിത്രം ആ​ഗോളതലത്തിൽ 200 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ, രണ്ടാഴ്ച തികയുന്നതിന് മുൻപുതന്നെ ചിത്രം 200 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ചിത്രം കൂടിയാണിത്. തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് ഇതുവരെ ചിത്രം സ്വന്തമാക്കിയത്.

വീരചരമം വരിച്ച ഇന്ത്യൻ സൈനികൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും പുറത്തുവന്നത് മുതൽ തന്നെ ആരാധകർ വളരെ ആവേശത്തിലായിരുന്നു. ശിവ കാർത്തികേയന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ഒരു അഭിനയമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കൂടാതെ, ഇന്ദു റെബേക്ക വർഗീസായി സായ് പല്ലവിയും തകർത്താടി.

Leave a Reply

Your email address will not be published. Required fields are marked *