വിമർശനത്തെ ഉരമാക്ക്, ഉൻ ലക്ഷ്യത്തെ മരമാക്ക്… ചേട്ടാ.. ചീറ്റാ മാതിരി അറൈവായിരിക്കേ… അതായത് വിമർശനങ്ങളെ വളമാക്കി ലക്ഷ്യത്തെ മരംപോലെ വലുതാക്കിയ സഞ്ജു സാംസണെ വാനോളം പുകഴ്ത്തുന്ന തമിഴ് കമന്ററിയിലെ വാക്കുകളാണ് ഇപ്പോൾ വൈറൽ…
ഇന്ത്യൻ ടീമിന്റെ സ്ക്വാഡിൽ ഉൾപ്പെട്ടപ്പോൾ വിയർപ്പു തുന്നിയിട്ട കുപ്പായം എന്നെഴുതിയ സഞ്ജുവിനൊപ്പം അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം എന്നാണ് മലയാളികൾ ഇപ്പോൾ കൂടെ പാടുന്നത്.. ഇങ്ങനെ തുടർച്ചയായ രണ്ടാം ടി20 സെഞ്ച്വറിയിലൂടെ റെക്കോർഡിട്ട് നിൽക്കുന്ന സഞ്ജുവിന്റെ വിജയത്തിൽ എടുത്തുപറയേണ്ട ഒരാൾ കൂടിയുണ്ട്. അതാണ് സൂര്യ കുമാർ യാദവ് അഥവാ ക്യാപ്റ്റൻ സ്കൈ…
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ ആരാണെന്ന് ചോദിച്ചാൽ തന്റെ നേട്ടങ്ങളിൽ തന്നെക്കാൾ സന്തോഷിക്കുന്ന കൂട്ടുകാർ ഉളളവർ ആണ്, അസൂയയും, ഈഗോയും അങ്ങനെ സകലമാന കാര്യങ്ങളും നിറഞ്ഞാടുന്ന ഈ കാലത്ത് അങ്ങനെ ഉള്ള കൂട്ടുകാർ ഉളളവർ ആണ് എറ്റവും വലിയ ഭാഗ്യവാൻമാർ.
സഞ്ജു ഇങ്ങനെ ഫുൾ ഫോമിൽ കളിക്കുമ്പോൾ അത് സഞ്ജുവിനെക്കാൾ നന്നായി ആഘോഷിക്കുന്നത് സൂര്യ ആണെന്ന് കാണാം.. .ആദ്യത്തെ സെഞ്ചുറി അടിച്ചപ്പോൾ ഹെൽമറ്റും, ബാറ്റും താഴെ വെച്ച് സഞ്ജുവിനെ വന്ന് കെട്ടുപിടിച്ച ആ രീതി, അത് കാണുന്നവർക്ക് പോലും ഒരുപാട് സന്തോഷം തരുന്നു. ആരെയോ കാണിക്കാൻ വേണ്ടി ചെയുന്നത് അല്ല, സൂര്യയുടെ ഉള്ളിലെ സന്തോഷം ആണ് പുറത്ത് വരുന്നത്.
അത് പോലെ ഇന്നലെ ഡഗ് ഔട്ടിൽ ഉള്ള ആ ചിരി അത് മനസ് നിറക്കും. ഒരുപാട് കാലം കാത്ത് ഇരുന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയ സൂര്യക്ക് അറിയാം അവഗണിക്കപെടുന്നതിന്റെ വേദന എന്താണ് എന്ന്. അത് കൊണ്ടാണ് ഇത്രയും നന്നായി സഞ്ജുവിനെ സപ്പോർട്ട് ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് സെഞ്ച്വറിയിൽ താരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹം ഇപ്പോൾ കൊയ്യുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൂട്ടുകാരൻ എന്ന നിലയിലും താൻ ഇത് ഏറെ ആസ്വദിക്കുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ‘കഴിഞ്ഞ പത്ത് വർഷമായി അയാൾ നിരന്തരം കഠിനാധ്വാനം ചെയ്യുന്നു, അതിനിടയിൽ വിരസമായ ഓരോ ജോലികൾ ചെയ്യേണ്ടി വന്നു, ആ കഷ്ടപ്പാടുകളുടെ ഫലം അയാൾ ഇന്ന് അനുഭവിക്കുകയാണ്’, സൂര്യ പറഞ്ഞു.
അവന്റെ ക്യാരക്റ്റർ എടുത്ത് പറയുക തന്നെ വേണം. 90 കളിൽ നിന്നപ്പോഴും ടീമിന്റെ ലക്ഷ്യമായിരുന്നു പ്രധാനം. ആ സമയത്തും അയാൾ ബൗണ്ടറികൾ തിരയുകയായിരുന്നു. ഇത്തരം താരങ്ങളെയാണ് ഇന്ത്യൻ ക്രിക്കറ്റിനാവശ്യം, ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. നേരത്തെ സഞ്ജുവിന്റെ പ്രകടനത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ എയ്ഡൻ മാർക്രവും രംഗത്തെത്തിയിരുന്നു.
സഞ്ജുവെന്ന ഒറ്റ ഫാക്ടർ മാത്രമാണ് കളിയിൽ നിന്ന് പ്രോട്ടീസുക്കാരെ അകറ്റിയതെന്നും സഞ്ജു ഇങ്ങനെ കളിക്കുമ്പോൾ തടയുക പ്രയാസമാണെന്നും മാർക്രം പറഞ്ഞു. ‘സഞ്ജു ഞങ്ങളുടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി, ഏത് പന്തിനും സഞ്ജുവിന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നു, അവനെ നേരിടാൻ പ്രത്യേക പദ്ധതികൾ ആവശ്യമാണ്. വരും മത്സരങ്ങളിൽ അതിന് തയ്യാറാകും, മാർക്രം പറഞ്ഞു.
ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്.ഏഴ് ഫോറുകളും താരം നേടി.