ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഗംഭീര സെഞ്ച്വറിയുമായി ചരിത്രമെഴുതി സഞ്ജു സാംസൺ. ടി20യിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനും ലോകത്തിൽ നാലാമനുമാണ് സഞ്ജു. 47 ബോളുകളിൽ 9 സിക്‌സുകളും 7 ഫോറുകളും പറത്തിയാണ് സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. ആകെ 50 പന്തുകൾ നേരിട്ട സഞ്ജു 7 ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത് പുറത്തായി. (India vs South Africa)
മികച്ച ഫോമിലായിരുന്ന സഞ്ജുവിൻ്റെ തകർത്താട്ടമായിരുന്നു ഗ്രൌണ്ടില്‍ കണ്ടത്. വെറും 47 പന്തിൽ നിന്നാണ് താരം തൻ്റെ സെഞ്ച്വറി തികച്ചത്. കളിയുടെ 15-ാം ഓവറിൽ കേശവ് മഹാരാജിൻ്റെ പന്തിൽ സെഞ്ച്വറി തികച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയും സഞ്ജു സാംസൺ രേഖപ്പെടുത്തി, സൂര്യകുമാർ യാദവിൻ്റെ മുൻ റെക്കോർഡ് മറികടന്നത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ജെറാൾഡ് കോറ്റ്‌സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങി. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ സ്കോർ മുന്നോട്ട് കുതിച്ചു. ഇതിനിടെ വമ്പൻ അടിയുമായി കളംനിറഞ്ഞ സഞ്ജു സാംസൺ അർധ സെഞ്ചുറി തികച്ചു. 27 പന്തിലാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ 17 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മടങ്ങി. 18 പന്തിൽ 33 റൺസ് എടുത്താണ് തിലക്ക് വർമ മടങ്ങിയത്.
നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര പരമ്പരയ്ക്ക് ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, വരുൺ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർകോ ജാന്‍സൻ, ആൻഡിലെ സിമെലെൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻകാബയോംസി പീറ്റർ.