മൈക്രോഗ്രാവിറ്റിയിൽ ദീർഘനേരം തുടരുന്നതിനാൽ സുനിത വില്യംസിന് ആരോഗ്യം മോശമെന്ന രീതിയിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ. സഞ്ചാരി സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന വാർത്തകൾ തള്ളിയാണ് നാസ വിശദീകരണം നൽകുന്നത്. ആശങ്കവേണ്ടെന്നും ഇരുവരുടെയും ആരോഗ്യം നല്ലസ്ഥിതിയിലാണെന്നും നാസ വ്യക്തമാക്കി.
ഐ.എസ്.എസിലെ എല്ലാ യാത്രികർക്കും ഫ്ലൈറ്റ് സർജൻ പതിവായി വൈദ്യപരിശോധന നടത്താറുണ്ട്. ആർക്കും ആരോഗ്യപ്രശ്നമില്ലെന്നും നാസ വ്യക്തമാക്കി. ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയൊരു ചിത്രമാണ് സുനിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകൾക്കിടയാക്കിയത്. ചിത്രങ്ങളിൽ സുനിതയുടെ കവിൾ തീരെ ഒട്ടിയ നിലയിലാണ്. ഇത് കണ്ട ചില ആരോഗ്യ വിദഗ്ദർ ഇത് ദീർഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലത്തിന്റെ അനന്തരഫലമാണെന്ന അഭിപ്രായവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണാർഥമാണ് സുനിത സുനിത വില്യംസുംം ബച്ച് വിൽമോറും നിലയത്തിൽ എത്തിയത്. സ്റ്റാർലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിനാണ് ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്നും പുറപ്പെട്ടത്.
ജൂൺ ഏഴിന് ഐഎസ്എസിലെത്തി ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും എല്ലാം മാറ്റി മറിച്ചു. ഇപ്പോൾ 150 ദിവസത്തോളമായി ബഹിരാകാശത്ത് തുടരുകയാണ് ഇരുവരും.
സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ തിരികെ മടങ്ങുന്ന ഫെബ്രുവരി അവസാനം വരെ ഇരുവരും ഐഎസ്എസിൽ തുടരാൻ പോകുകയാണ്. മൈക്രോ ഗ്രാവിറ്റിയിലെ വർദ്ധിച്ച ഊർജ ഉപഭോഗം കാരണം ബഹിരാകാശ യാത്രികരുടെ ഭാരം കുറയുക സാധാരണമാണത്രെ.
ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിർത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറിൽ കുറയാതെ ഇവർ വ്യായാമവും ചെയ്യും. ഇതെല്ലാം കൂടിച്ചേരുമ്പോൾ ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് പറയാൻ കഴിയില്ലെന്നും ഐഎസ്എസിലുള്ള വില്യംസും വിൽമോറും സുഖമായിരിക്കുന്നുവെന്ന് നാസ അവകാശപ്പെട്ടു.
സുനിതാ വില്യംസിൻ്റെ ആരോഗ്യം നാസ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഈ അപകടസാധ്യതകൾ ലഘൂകരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.എന്നിരുന്നാലും, വിപുലമായ ബഹിരാകാശ ദൗത്യങ്ങളുടെ ദീർഘകാല ഫലങ്ങൾ ഇപ്പോഴും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
സ്റ്റാർലൈനർ പേടകത്തിൽ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവർത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങൾ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. വലിയൊരു ദൗത്യവുമായി പോയ സ്റ്റാർലൈനർ ക്രൂ മൊഡ്യൂൾ, കാലി സീറ്റുമായി തിരികെ മടങ്ങുകയും ചെയ്തു. വൈകാതെ തന്നെ സുനിതയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്.