KeralaNews

തൊഴിലുറപ്പിലെ ഉഴപ്പന്മാർ ഇനി പണം തിരികെ നൽകേണ്ടി വരും; മടിയന്മാരെ പൊക്കാൻ ജില്ലാ ഓംബുഡ്സ്‌മാന്റെ ഉത്തരവ്

ആലപ്പുഴ : തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ പണം വാങ്ങുന്ന ഉയപ്പന്മാർക്ക് മുട്ടൻ പണി. ജോലിചെയ്യാതെ മസ്റ്റർ റോളിൽ ഒപ്പിട്ട് പണം കൈപ്പറ്റുന്നവർക്കെതിരെ കടുത്ത നടപടിയാണ് ജില്ലാ ഓംബുഡ്സ്‌മാന്റെ ഉത്തരവിൽ ഉള്ളത്. പണിയെടുക്കാതെ പണം വാങ്ങിയവരെല്ലാം തന്നെ ആ തുക തിരികെ കെട്ടിവെക്കണം എന്നതാണ് കർശന നിർദ്ദേശം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ തൊഴിലാളികളിൽ ചിലർ പണിയെടുക്കാതെയും ഫോട്ടോ അപ്‌ലോഡ് ചെയ്യാതെയും മസ്റ്റർ റോളിൽ ഒപ്പിട്ട് അനധികൃതമായി വേതനം പറ്റുന്നു എന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരക്കാർക്കെതിരെ കടുത്ത നടപടി എടുത്തിരിക്കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 31 തൊഴിലാളികൾ ജോലിചെയ്യാതെ കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാനാണ് പദ്ധതിയുടെ ജില്ലാ ഓംബുഡ്സ്‌മാൻ ഉത്തരവിട്ടത്.

പഞ്ചായത്തിലെ ആറ്, ഒൻപത്, 10, 15, 18 വാർഡുകളിലെ ബന്ധപ്പെട്ട തൊഴിലാളികൾ ജോലിചെയ്യാതെ വാങ്ങിയ 10,726 രൂപ തിരികെപ്പിടിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്. ഫണ്ടിലേക്ക് അടയ്ക്കാൻ ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിക്കാണ് ഉത്തരവുനൽകിയത്.

ചെത്തി ഈരേശ്ശേരിൽ ഇ.ജെ. ഡേവിഡ് നൽകിയ പരാതിയിന്മേലാണ് ഓംബുഡ്സ്മാൻ ഡോ. സജി മാത്യുവിന്റെ നടപടി. സമാന സംഭവത്തിൽ ഡേവിഡ് മുൻപു നൽകിയ പരാതിയിലും ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് ജൂണിൽ 13,986 രൂപ തൊഴിലാളികളിൽനിന്ന് തിരികെ വാങ്ങിയിരുന്നു.

ക്രമക്കേട് ആവർത്തിക്കുന്ന സാഹചര്യത്തിൽ ചുമതലയുള്ള മേറ്റുമാരിൽനിന്ന് വേതനം തിരികെ പിടിക്കുക, ബന്ധപ്പെട്ട പ്രവൃത്തികളുടെ ചുമതലയിൽനിന്ന് അവരെ ഒഴിവാക്കുക, ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകാത്തതിനാൽ അപ്പീൽ അധികാരിയായ സംസ്ഥാന ഓംബുഡ്സ്‌മാനെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *